ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്; കുടുംബ സത്യാഗ്രഹം നടത്തി യുഡിഎഫ് പ്രവർത്തകരും നേതാക്കളും

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകരും നേതാക്കളും കുടുംബ സത്യാഗ്രഹം നടത്തി.

രാവിലെ 10 മുതൽ 11 മണി വരെ ഒരു മണിക്കൂർ നേരമാണ് യുഡിഎഫ് വീടുകൾക്കു മുന്നിൽ കുടുംബ സത്യഗ്രഹം നടത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും സത്യഗ്രഹത്തിൽ പങ്കെടുത്തത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. ഇതൊരു സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വില ഇപ്പോൾ 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. ഡീസലിന് നൂറു രൂപയ്ക്ക് തൊട്ടരികിലാണ് വില. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം അറിയിച്ചു. പെട്രോളിയം കമ്പനികളെ കയറൂരിവിടുന്ന സമീപനമാണ് മോദി സർക്കാരിന്റേത്. ഇതിന് പുറമേയാണ് പാചകവാതകത്തിന്റെ വില വർധന. ലോക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോൾ, ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാരുകൾ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇന്ധന വില കൂട്ടുന്നതെന്നാണ് ന്യായീകരണമെന്നും എന്നാൽ അതിനൊക്കെ ഒരു പരിധിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വ്യാപനമുണ്ട്. എന്നാൽ മറ്റെവിടെയങ്കിലും ഈ രീതിയിൽ വില വർധിപ്പിക്കുന്നുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.