അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല; മൻസൂക് മണ്ഡവ്യ പുതിയ ആരോഗ്യമന്ത്രി; മന്ത്രിസഭയിലെ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ പുതിയ ആരോഗ്യമന്ത്രി മൻസൂക് മണ്ഡവ്യ. കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം ഗുജറാത്തിൽ നിന്നുള്ള എംപിയാണ്. രാസവള വകുപ്പിന്റെയും ചുമതലയും മൻസൂഖിനാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല നൽകി. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രി കൂടിയാണ് അമിത് ഷാ. ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയത്തിന് രൂപംനൽകിയത്. സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മന്ത്രാലയത്തിന് പ്രത്യേക ഭരണ, നിയമ, നയരേഖ ഉണ്ടാകും.

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിലെ മലയാളി സാന്നിദ്ധ്യമായ രാജീവ് ചന്ദ്രശേഖറിന് ഇലക്ട്രോണിക്, ഐടി, നൈപുണ്യ വികസനം, സംരഭകത്വം എന്നീ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്. സ്മൃതി ഇറാനിയ്ക്ക് വനിതാ ശിശുക്ഷേമവും അനുരാഗ് ഠാക്കൂറിന് കായികവും യുവന ക്ഷേമവും വാർത്താ വിതരണ വകുപ്പുമാണ് നൽകിയിരിക്കുന്നത്.

പീയുഷ് ഗോയലിന് വാണിജ്യം -വ്യവസായം, ടെക്‌സ്‌റ്റൈൽ, ഉപഭോക്തൃ ക്ഷേമം, ഭക്ഷ്യ – പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതലയും പശുപതി പരസ്- ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ ചുമതലയും നൽകി. കിരൺ റിജിജുവിന് നിയമവും ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസം, നൈപുണ്യം, സംരഭകത്വം എന്നീ വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാനവും ഹർദ്ദീപ് സിംഗ് പുരിയ്ക്ക് പെട്രോളിയം, അർബൻ ഡെവലപ്‌മെന്റ് വകുപ്പുകളും നൽകി.

ഡോ.വീരേന്ദ്ര കുമാറിന് സാമൂഹ്യ നീതി ശാക്തീകരണവും ആർ.കെ സിംഗിന് ഊർജ്ജ വകുപ്പും നാരയൺ റാണെയ്ക്ക് ചെറുകിട വ്യവസായവും ജി.കിഷൻ റെഡ്ഡിയ്ക്ക് സാംസ്‌കാരിക വകുപ്പും ഭൂപേന്ദ്ര യാദവിന് വനം,പരിസ്ഥിതി, തൊഴിൽ തുടങ്ങിയ വകുപ്പുകളും അശ്വനി വൈഷ്ണവ് -റയിൽവേ , ഐ.ടി എന്നീ വകുപ്പുകളും പുരുഷാത്തം രൂപാല – മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളും സർബാനന്ദ സൊനോവാളിന് തുറമുഖം 1 ഷിപ്പിംഗ് , ജലഗതാഗതം, ആയുഷ് എന്നീ ചുമതലകളുമാണ് നൽകിയിരിക്കുന്നത്.

43 അംഗങ്ങളാണ് കേന്ദ്രമന്ത്രിസഭയിലേക്ക് പുതുതായി എത്തിയത്. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സർക്കാർ കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചിരിക്കുന്നത്.