ജഗൻ മോഹൻ റെഡ്ഡിയുടെ ചങ്കിടിപ്പ് കൂട്ടി സഹോദരി ശർമിള;

ഹൈദരാബാദ്: ജൂലൈ എട്ട് എന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഇതിന് പിന്നിലെ കാരണമെന്താണെന്നല്ലേ. ജൂലൈ എട്ടിനാണ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ ശർമിള പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഉദ്ഘാടനം. വൈഎസ്ആർടിപി എന്നാണ് ശർമിള പുതിയ പാർട്ടിയ്ക്ക് നൽകിയിരിക്കുന്ന പേര്.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന ലക്ഷ്യത്തോടെയാണ് ശർമിള പുതിയ പാർട്ടിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. രാജശേഖര റെഡ്ഡിയുടെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെ പോലും വിറപ്പിച്ചു കൊണ്ടാണ് ശർമിളയുടെ നീക്കങ്ങൾ.

തെലങ്കാനയുടെ ഒരുതുള്ളി വെള്ളം ആർക്കും വിട്ടുകൊടുക്കില്ലെന്നും തെലങ്കാനയ്ക്കുവേണ്ടി ആർക്കെതിരെയും പോരാടാൻ താനുണ്ടെന്നുമാണ് ശർമിള പറയുന്നത്. കൃഷ്ണ നദിയിലെ ജലത്തെച്ചൊല്ലി ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കുമിടയിൽ തുടരുന്ന തർക്കം ഇനി വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മക്കൾ തമ്മിൽ ആകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം തന്നെ മുഖ്യമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജഗൻ കോൺഗ്രസ് വിട്ട് വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. ശർമിളയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടക്കം മുതൽ തന്നെ ജഗൻ മോഹൻ റെഡ്ഡി എതിർത്തിരുന്നുവെന്നാണ് റിപ്പോർട്ട്. ശർമിള തന്നെക്കാൾ രാഷ്ട്രീയ വളർച്ച നേടുമോയെന്ന ഭയം ജഗൻ മോഹൻ റെഡ്ഡിയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ ശർമിളയുടെ തട്ടകം തെലങ്കാനയാണെന്നറിഞ്ഞതോടെ ആശ്വാസത്തിലായിരുന്നു ജഗൻ. എന്നാൽ ആന്ധ്രയ്ക്ക് നേരെ വെല്ലുവിളി ഉയർത്തിക്കൊണ്ടുള്ള ശർമിളയുടെ നീക്കം ജഗൻ മോഹൻ റെഡ്ഡിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബിജെപിയുടെ ‘ബി ടീം’ ആണ് ശർമിളയും സംഘവുമെന്ന ആരോപണം ശക്തമാണ്. തെലങ്കാന രാഷ്ട്ര സമിതിയുടെയും കോൺഗ്രസിന്റെയും വോട്ടിൽ വിള്ളൽ വീഴ്ത്തി ബിജെപിക്കു വഴിയൊരുക്കാൻ വേണ്ടിയാണ് ശർമിളയുടെ രംഗപ്രവേശമെന്നാണ് ഉയരുന്ന ആരോപണങ്ങൾ.