സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകി; ഇതുവരെ കുത്തിവെയ്പ്പ് സ്വീകരിച്ചത് ഒന്നരക്കോടി പേരെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയതെന്ന് മന്ത്രി പറഞ്ഞു.

ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഇതുവരെ ഒന്നര കോടി പേർക്കാണ് (1,50,58,743 ഡോസ്) സംസ്ഥാനത്ത് വാക്‌സിൻ നൽകിയത്. അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി.

പുരുഷൻമാരെക്കാർ കൂടുതൽ വാക്‌സിനെടുത്തത് സ്ത്രീകളാണ്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷൻമാരും വാക്‌സിൻ സ്വീകരിച്ചു. 18 നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരും വാക്‌സിൻ സ്വീകരിച്ചു. 18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാർത്ഥികൾ, സ്വകാര്യ ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വെല്ലുവിളിയുള്ളവർ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച്ച വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭ്യമായത്. ബുധനാഴ്ച്ച മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ സംസ്ഥാനത്തെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. പ്രതിദിനം ഒന്നു മുതൽ രണ്ടര ലക്ഷത്തിന് മുകളിൽ വരെ വാക്‌സിനേഷൻ നൽകുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.