നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല; ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവെ കോടതി അറിയിച്ചു. കേരളാ നിയമസഭയിൽ നടന്നത് പോലെ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വിശദമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് കേസ് പരിഗണിച്ചത്.

നിയമ സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നും മാപ്പർഹിക്കാത്ത പെരുമാറ്റമാണ് ഉണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണം. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത്തരം കാഴ്ചകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കോടതി ചോദിച്ചു.

അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അന്നത്തെ ധനകാര്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ ഉണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമായിരുന്നു സംസ്ഥാന സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നത്. 15 -ാം തീയതി കേസ് വിശദമായി പരിഗണിക്കും.