കോഴിക്കോട്: കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎക്കെതിരെ നടപടിയുമായി സിപിഎം. കുറ്റ്യാടി സീറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനത്ത് നിന്നും കുഞ്ഞഹമ്മദ്കുട്ടിയെ നീക്കണമെന്ന ശുപാർശ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന് നൽകി. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.
നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനായിരുന്നു സി.പി.എം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് കേരള കോൺഗ്രസ് മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പാർട്ടി ശക്തി കേന്ദ്രമായ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന് വിട്ടു നൽകുന്നത് തിരിച്ചടിയാകുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും വ്യക്തമാക്കി പാർട്ടി പ്രവർത്തകർ രംഗത്തെത്തി. ഇതോടെ പാർട്ടി തീരുമാനം മാറ്റുകയായിരുന്നു. സീറ്റ് സിപിഎമ്മിന് തന്നെ നൽകാനും സ്ഥാനാർത്ഥിയായി കുഞ്ഞഹമ്മദ് കുട്ടിയെ മത്സരിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
സിപിഎമ്മിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് അന്ന് നടന്ന പ്രതിഷേധങ്ങൾ കുഞ്ഞമ്മദ് കുട്ടിയുടെ അറിവോടെയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് കുഞ്ഞഹമ്മദ്കുട്ടി എംഎൽഎയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. പ്രവർത്തകരുടെ പ്രതിഷേധം തടയാൻ കുഞ്ഞമ്മദ് കുട്ടി ഇടപെട്ടില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്കൽ സെക്രട്ടറിമാരുൾപ്പെടെയുള്ളവർക്കെതിരെയും നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നു.

