സിപിഎം കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല; എല്ലാ ഫേസ്ബുക്ക് പോസ്റ്റുകളുടെയും പിന്നാലെ പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സിപിഎം കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നിട്ടുള്ള പാർട്ടിയാണ് സിപിഎം. അതിൽ പലതരത്തിലുള്ള ആളുകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുള്ള തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ സിപിഎം അതിലിടപെടും. ആ തെറ്റിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടലായിരിക്കും പാർട്ടി നടത്തുക. എത്രയോ സംഭവങ്ങൾ അങ്ങനെ കേരളത്തിലുണ്ടായിട്ടുണ്ടെന്നും തെറ്റു ചെയ്യുന്നവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ആളുകൾ എങ്ങനെയെന്നല്ല നോക്കേണ്ടത്. ഇക്കാര്യത്തിൽ പാർട്ടിയുടെ സമീപനമെന്തെന്നാണ് നോക്കേണ്ടത്. എല്ലാ ഫേസ്ബുക്ക് പോസ്റ്റുകളുടെയും പിന്നാലെ പാർട്ടിയ്ക്ക് പോകാൻ കഴിയില്ല. പാർട്ടിയുടെതല്ലാത്ത പോസ്റ്റ് അത്തരത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തോന്നുന്നത് വിളിച്ചു പറയുകയാണവരെന്നും ഇവരൊന്നും പാർട്ടിയുടെ ഔദ്യോഗിക വക്താക്കളോ, പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ളവരോ അല്ലെന്നും മുഖ്യമന്ത്രി വിശദമാക്കി, ഇതിലൊന്നിനും സിപിഎമ്മിന് ഇടപെടാൻ കഴിയില്ല. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപരമാണെന്നും സർക്കാരിന് എന്തെങ്കിവും വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.