നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചതെന്നാണ് കേരളം ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ആണ് സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച്ച ഹർജി പരിഗണിക്കും.

സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നാണ് ഹർജിയിൽ കേരളം വ്യക്തമാക്കിയിരിക്കുന്നത്. വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നിവർ നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉത്തമവിശ്വാസത്തോടെ സ്വതന്ത്രമായി കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറാണ്. നിയമസഭയ്ക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സ്പീക്കറുടെ മുൻകൂർ അനുമതി ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് അന്നത്തെ നിയമസഭ സെക്രട്ടറി കേസ് നൽകിയതെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

2015-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെ നിയമസഭയിൽ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് കയ്യാങ്കളി കേസ്.