കോഴിക്കോട്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ കള്ളക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്തിന് ഉപയോഗിച്ച കാറ് ഇതുവരെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പോലീസിന്റെ സഹായത്തോടെയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാർ ഉന്നതനായ ഒരു സിപിഎം നേതാവിന്റേതാണ് കണ്ടെത്തിയിട്ടുണ്ട്. സഹകരണ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇയാൾ. സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായിട്ട് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ടെന്നും ഗുണ്ടാ സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഫേയ്സ്ബുക്കിലൂടെ പ്രസ്താവന ഇറക്കിയ ഡിവൈഎഫ്ഐ നേതാവ് ഹലാൽ-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂർ ജില്ലയിലെ ചുമതലക്കാരനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഎം സ്വർണ്ണക്കള്ളക്കടത്തിന് ഉപയോഗിക്കുന്നത് കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റേയും ഫൈസലിന്റേയും ബന്ധങ്ങളാണ്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രവർത്തിച്ചിട്ടുള്ളത്. തിരുവനന്തപുരത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആകാശ് തില്ലങ്കേരിയും കൊടി സുനിയും അർജുൻ ആയങ്കി തുടങ്ങിയവരെല്ലാം സിപിഎമ്മിന്റെ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണ്. പോലീസിൽ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്ന് വനിതാ കമ്മീഷൻ തന്നെ പറയുന്നു. ജനങ്ങളുടെ സമ്മർദ്ദംമൂലമാണ് ജോസഫൈൻ രാജിവെച്ച് പുറത്ത് പോയതെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു.

