മുംബൈ: ബിജെപിക്കെതിരായ മുന്നണിയിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ദേശീയ മദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മൂന്നാം മുന്നണിയുടെ കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ അത്തരമൊരു മുന്നണിയെ പറ്റി ചിന്തിക്കണമെങ്കിൽ കോൺഗ്രസിനെ ഒപ്പം നിർത്തി മാത്രമെ അതിന് സാധ്യമാകൂവെന്നും ശരദ് പവാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശരത് പവാർ തന്റെ വസതിയിൽ വെച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി യോഗം ചേർന്നത്. ബിജെപിയെ നേരിടുന്നതിനുള്ള മൂന്നാം മുന്നണി രൂപവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ് യോഗം ചേർന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ നിർണായക യോഗത്തിൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ശരത് പവാർ പ്രതികരണവുമായി രംഗത്തെത്തിയത്.
മൂന്നാം മുന്നണിക്ക് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്നായിരുന്നു പുതിയ മുന്നണിക്ക് പവാർ നേതൃത്വം നൽകുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

