പബ്ജിയുടെ ഇന്ത്യൻ പതിപ്പിലും വിവരങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്; ചൈനയിലേക്ക് വിവരങ്ങൾ ചോരുന്നു

ന്യൂഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പിലും വിവരങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. ഗെയിം ഇൻസ്റ്റാൾ ചെയ്തവരുടെ വിവരങ്ങൾ ചൈനീസ് സെർവറിലേക്ക് അയക്കുന്നുണ്ടെന്നാണ് വിവരം. പബ്ജിയുടെ മുഖ്യ ഓഹരി ഉടമകളായ ടെൻസെന്റിന്റെ സെർവറിലേക്ക് വിവരം കൈമാറപ്പെടുന്നുണ്ടെന്നും ആപ്പ് ഡെവലപർമാരായ ക്രാഫ്റ്റണിന്റെ പിഴവിൽ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

ഉപഭോക്താക്കളുടെ വിവരങ്ങൾ ഹോങ്കോംഗ്, മോസ്‌കോ, അമേരിക്ക, മുംബൈ എന്നിവിടങ്ങളിലെ സെർവറിലാണ് കൂടുതലും ശേഖരിക്കുന്നത്. പാക്കർ സ്‌നിഫർ ആപ്പുകളിൽ കണ്ട ഐപി അഡ്രസുകളുടെ ഉത്ഭവം എവിടെയെന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഒരു ഐപി അഡ്രസിലേത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുളള ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപറേഷന്റേതാണെന്ന് മനസ്സിലാക്കിയത് ഐജിഎൻ ഇന്ത്യയാണ്. ഇതിന്റെ സെർവർ ബെയ്ജിംഗിലാണുളളതെന്നും ഇവർ മനസിലാക്കി.

ഗെയിം ഡാറ്റ ഈ സെർവറിലേക്ക് അയക്കുന്നുണ്ടെന്നും ഐജിഎൻഇന്ത്യ കണ്ടെത്തി. ടെൻസെന്റ് കമ്പനി സെർവറുകളുമായും ഗെയിമിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പബ്ജി കളിക്കാരുടെ ഡാറ്റകൾ ഇന്ത്യയിലെയും സിംഗപൂരെയും സെർവറുകളിലേക്ക് മാറ്റുമെന്നാണ് ടെൻസെന്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി സൃഷ്ടിക്കുമെന്നതിനാലാണ് പബ്ജി ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. പിന്നീടാണ് കേന്ദ്ര സർക്കാർ പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പബ്ജിയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കിയത്. ഇതിലാണ് ഇപ്പോൾ സുരക്ഷാ ഭീഷണി കണ്ടെത്തിയിരിക്കുന്നത്.