വില കുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: കോവിഡ് കാലത്ത് വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടൻ കൃഷ്ണകുമാർ. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ‘സ്റ്റിക്കർ ഗവണ്മെന്റ്’ മാത്രമാണിവിടെ ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ നൽകിയ 596 ടൺ കടല പുഴുവരിച്ചു നശിപ്പിക്കുന്നു’ എന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുന്നെങ്കിൽ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന നേരത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.