ഗർഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്ന നേതാക്കളെ ക്രൈസ്തവ ആരാധനയിൽ നിന്ന് മാറ്റി നിർത്തിയേക്കും; പുതിയ നീക്കവുമായി കത്തോലിക്കാ സഭ

വാഷിംഗ്ടൺ: ഗർഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്ന നേതാക്കളെ ക്രൈസ്തവ ആരാധനയിൽ നിന്ന് മാറ്റി നിർത്തുന്നതിനുള്ള നീക്കവുമായി കത്തോലിക്കാ സഭ. യുഎസ് കത്തോലിക് ബിഷപ്പ് കോൺഫറൻസിൽ ഇതിനായുള്ള കരടിന് ധാരണയായതായാണ് റിപ്പോർട്ട്. 55 വോട്ടുകൾക്കെതിരെ 168 വോട്ടുകൾക്കാണ് കരട് ധാരണയായത്. ഗർഭഛിദ്രം സംബന്ധിച്ച അവകാശങ്ങളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ സഭ ഇത്തരമൊരു നീക്കം നടത്തുന്നത്. ഗർഭഛിദ്ര അവകാശത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കൾക്ക് കുർബാന സ്വീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിലക്കേർപ്പെടുത്താനാണ് കരടിൽ ധാരണയായിരിക്കുന്നത്.

ജിമ്മി കാർട്ടറിന് ശേഷം ക്രിസ്തുമത വിശ്വാസങ്ങളെ ശക്തമായി പിന്തുടരുന്ന വ്യക്തിയും കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റുമാണ് ജോ ബൈഡൻ. അമേരിക്കയിലെ വലിയ സഭയെന്ന നിലയിൽ ശർഭഛിദ്രത്തിന് അവകാശം നൽകുന്ന നിലയിലുള്ള തീരുമാനങ്ങളെ എതിർക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ തീരുമാനമെന്നാണ് കത്തോലിക്കാ സഭയുടെ വിശദീകരണം. അതേസമയം അതൊരു സ്വകാര്യ വിഷയമാണെന്നും പ്രാവർത്തികമാകാൻ സാധ്യതയില്ലെന്നുമാണ് സഭയുടെ നീക്കത്തെ കുറിച്ച് ജോ ബൈഡൻ പ്രതികരിച്ചത്. ഇത്തരമൊരു നിലപാട് സഭയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരടിനെ എതിർക്കുന്ന ബിഷപ്പുമാർ മുന്നറിയിപ്പ് നൽകുന്നത്.