തിരുവനന്തപുരം: പ്രായം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷൻ മീറ്റിംഗിനിടെയാണ് ആര്യ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
നിങ്ങൾ പറയുന്നത് തന്നെയാണ് മറുപടിയായി ലഭിക്കുക. അതുകൊണ്ട് തന്നെ സഭയിലെ പരാമർശങ്ങളിൽ ശ്രദ്ധിക്കണമെന്ന് ആര്യ പറഞ്ഞു. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിന് വേണ്ടിയുള്ള ശക്തമായ സംവിധാനത്തിലൂടെയാണ് താൻ വളർന്ന് വന്നതെന്നും മേയർ വ്യക്തമാക്കി. ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു ആര്യയുടെ മറുപടി. ഇടതുപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ആളുകളുടെ സമൂഹമാദ്ധ്യമങ്ങളിലെ നിലവിട്ടുള്ള പെരുമാറ്റത്തിന് കൂടിയായിരുന്നു ആര്യ മറുപടി നൽകിയത്. സ്ത്രീകൾക്കെതിരെ പുതിയ തലമുറയിലുള്ള ആളുകൾ അടക്കം സമൂഹമാദ്ധ്യമങ്ങളിൽ പാർട്ടി ഭേദമില്ലാതെ നടത്തുന്ന പരാമർശങ്ങൾക്കെതിരെയും ആര്യ പ്രതികരിച്ചു.
എകെജി സെൻററിലെ എൽകെജി കുട്ടിയെന്ന് അടക്കം പ്രതിപക്ഷം ആര്യയെ പരിഹസിച്ചിരുന്നു. പ്രായത്തിന്റെയും പക്വതയുടെയും പേരിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആര്യ വിമർശനം നേരിട്ടിരുന്നു. പലപ്പോഴും പ്രായത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമങ്ങൾക്ക് ആര്യ ഇരയായിട്ടുണ്ട്.

