സമ്പാദ്യ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് സിപിഎം പ്രവർത്തകയായ ഏജന്റ്; പണം നഷ്ടമായത് നൂറിലേറെ വീട്ടമ്മമാർക്ക്

വടകര: സമ്പാദ്യ പദ്ധതിയുടെ മറവിൽ സിപിഎം പ്രവർത്തകയായ ഏജന്റ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തപാൽ വകുപ്പിന്റെ സമ്പാദ്യ പദ്ധതിയിലൂടെ നൂറിലധികം വീട്ടമ്മമാരുടെ പണമാണ് ഏജന്റ് തട്ടിയെടുത്തത്. മണിയൂരിലെ ഏജന്റ് പി.ശാന്തയാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ വീട്ടമ്മമാരുടെ സമ്പാദ്യത്തിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ ഇവർ കൈക്കലാക്കിയത്.

അഞ്ച് വർഷത്തേക്കുള്ള മൂന്ന് ലക്ഷം രൂപ വരെ നിക്ഷേപം വരുന്ന പദ്ധതികളിലാണ് തട്ടിപ്പ്. വീട്ടമ്മാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. മാസംതോറും വീടുകളിൽ നിന്ന് പണം ശേഖരിക്കുന്നത് കാർഡിൽ രേഖപ്പെടുത്തി നൽകുന്നുണ്ടെങ്കിലും ശാന്ത തുക വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ അടച്ചിട്ടില്ലന്ന് നിക്ഷേപകരുടെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകാൻ നിക്ഷേപകർ തീരുമാനിച്ചത്. മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പേരിൽ ശാന്ത അടച്ചത് വെറും 10000 രൂപ മാത്രമാണ്.

പാസ് ബുക്കിലെ യഥാർത്ഥ പേര് വെട്ടിമാറ്റിയ ശേഷം വ്യാജ പാസ് ബുക്ക് നൽകി മറ്റൊരാളുടെ മൂന്ന് ലക്ഷം രൂപയും ഇവർ തട്ടിയെടുത്തതായി ആരോപണം ഉയരുന്നുണ്ട്. 2015 ൽ തുടങ്ങിയ നിക്ഷേപത്തിന്റെ കാലാവധി 2020 സെപ്തംബറിൽ അവസാനിച്ചെങ്കിലും തുക തിരിച്ചു നൽകാതെ ഇവർ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിയത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ഏജന്റിന് നിയമനം ലഭിച്ചത്. തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി ബ്ലോക്ക് ഓഫീസിലും എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സി.പി.എം പ്രാദേശിക നേതൃത്വം വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ ഏകദേശം 40 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്ന് വ്യക്തമായതോടെ പ്രാദേശിക നേതൃത്വം പിന്മാറുകയായിരുന്നുവെന്നും പരാതിക്കാർ വ്യക്തമാക്കുന്നു.