കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെതിരെ പ്രതികരണവുമായി സംവിധായക ഐഷാ സുൽത്താന. ലക്ഷദ്വീപ് വിട്ട് പോകാൻ സാധിക്കാത്ത തരത്തിൽ തന്നെ ലോക്ക് ചെയ്യുക എന്നതാണ് ബിജെപിയുടെ ഉദ്ദേശമെന്ന് ഐഷാ സുൽത്താന പറഞ്ഞു. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് കാര്യങ്ങൾ ഇവിടെ വരെയെത്തിച്ചതെന്നും ഐഷാ സുൽത്താന ആരോപിക്കുന്നു. ഒരു ചാനൽ ചർക്കിടെയായിരുന്നു ഐഷാ സുൽത്താനയുടെ പരാമർശം.
താൻ ഒരിക്കലും രാജ്യത്തിന് എതിരല്ലെന്നും ദ്വീപുകാർക്ക് ഒരിക്കലും ഒറ്റാൻ കഴിയില്ലെന്നും ഐഷാ സുൽത്താന വ്യക്തമാക്കി. ശബ്ദസന്ദേശം എല്ലാവരും കേട്ടതാണല്ലോ. ഐയിഷയെ പേടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെടുത്തണം ഇതൊക്കെയാണ് രാജ്‌ദ്രോഹക്കുറ്റം ചുമത്തിയുള്ള കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടു തന്ന അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവർ പറഞ്ഞതെന്നും ഐഷാ സുൽത്താന പറഞ്ഞു. ക്ഷമിക്കാൻ പറ്റുന്നയൊരു തെറ്റു മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലിയറായി മനസിലാകുകയും അത് പറയുകയും ചെയ്തുവെന്നും ഐഷാ സുൽത്താന വിശദീകരിച്ചു.
കേസ് കഴിയാതെ കേരളത്തിൽ വരാൻ സാധിക്കില്ല. അതുവരെ ദ്വീപ് വിട്ടുപോകാൻ തനിക്ക് അനുമതിയുണ്ടാകില്ല. താൻ രാജ്യദ്രോഹിയല്ലെന്ന് ദ്വീപുകാർക്ക് അറിയാം. അതുകൊണ്ടാണ് അവർ രാജിക്കത്ത് നൽകിയതെന്നും ഐഷാ സുൽത്താന ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജിയാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയത്. 124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിലാണ് ഐഷയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. രക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശങ്ങളെന്നും രാജ്യത്തെയോ കേന്ദ്ര സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്നും വ്യക്തമാക്കി പിന്നീട് ഇവർ രംഗത്തെത്തിയിരുന്നു. ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു.

