തിരുവനന്തപുരം: മുട്ടിൽ വനംകൊള്ളിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുട്ടിൽ സന്ദർശനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ചരിത്രത്തിലേറ്റവും വലിയ പരിസ്ഥിതി ചൂഷണത്തിലേക്കാണെന്നും നൂറ്റാണ്ട് പഴക്കമുള്ള മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കർഷകനെ സഹായിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവു മൂലം കർഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. കർഷകരെ സഹായിക്കാനല്ല, മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. മുട്ടിൽ മോഡൽ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്. ആമസോൺ കാടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സർക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാൻ കൂട്ടുനിന്നത്. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയോര ജില്ലകൾ മോചിതമാവും മുമ്പെയാണ് മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിറങ്ങിയത്. നായനാർ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം ആരോപിച്ചു.
നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആവർത്തിച്ച് തെളിയിക്കുകയാണ്. ഷെഡ്യൂൾ ചെയ്ത മരങ്ങൾ മുറിക്കാൻ അനുവദിക്കുന്നത് വ്യാപകകൊള്ളയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കെ ഏതെങ്കിലും ഉദ്യോഗസ്ഥൻ തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കില്ല. കഴിഞ്ഞ സർക്കാരിലെ വനം-റവന്യൂ മന്ത്രിമാർക്ക് ഈ സംഭവത്തിൽ കൈകഴുകാൻ കഴിയില്ല. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹതയേറ്റുന്നു. മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണ്. വനം വകുപ്പോ പോലീസോ അന്വേഷിച്ചാൽ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്. വനനശീകരണം, അഴിമതി, ഗൂഢാലോചന, വഞ്ചന ഇങ്ങനെ പലതലങ്ങൾ ഇ കേസിനുണ്ടെന്നും സ്വതന്ത്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണത്തിനേ ഇതിലേക്കെല്ലാം കടന്നു ചെല്ലാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ പ്രതിനിധി സംഘം ഇന്ന് മുട്ടിൽ മേഖലയിൽ മരംമുറിച്ച സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. വി മരളീധരൻ, കുമ്മനം രാജശേഖരൻ, സി കെ ജാനു, മഹിളാ മോർച്ച അദ്ധ്യക്ഷ നിവേദിത ഹരിഹരൻ, എംടി രമേശ് തുടങ്ങിയ നേതാക്കൾ സംഘത്തിലുണ്ടായിരുന്നു.

