എ.പി. ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണം; മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയത് ഭൂമി ഏറ്റെടുക്കാതെ

തിരുവനന്തപുരം: ഡോ.എ.പി. ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയത് ഭൂമി ഏറ്റെടുക്കാതെ. ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയിട്ടും ഇതിനാവശ്യമായ ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. റവന്യു മന്ത്രി കെ രാജൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഐ.ബി.സതീഷ് സബ്മിഷനായി ഉന്നയിച്ച വിഷയത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫെബ്രുവരി 16 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപന കർമ്മം നടത്തിയത്. 2018 ലാണ് സർവ്വകലാശാലയുടെ ആസ്ഥാനത്തിനായി ഭൂമി കണ്ടെത്തുന്നത്. വിളപ്പിൽശാലയിൽ കണ്ടെത്തിയ ഭൂമിയ്ക്ക് 2019 ൽ സർക്കാർ തത്വത്തിൽ അനുമതി നൽകി. 2021 ജനുവരി മാസമാണ് ഇവിടെ 39.91 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്.

220 ഉടമകളിൽ നിന്നായി 39.91 ഹെക്ടർ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുക്കേണ്ടത്. ഭൂമി കണ്ടെത്തി വില നിർണ്ണയിച്ചെങ്കിലും 202 പേർ ഇതിൽ പരാതി ഉന്നയിച്ചു. വനം വകുപ്പ് മരങ്ങളുടെ വില നിർണ്ണയിച്ചിട്ടുണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളുടെ വില നിർണ്ണയിച്ചിട്ടില്ല. ഇതെല്ലാം ചേർത്താണ് ഭൂമിക്ക് നഷ്ടപരിഹാരം നൽകുക. ഇതിനായി 350 കോടി രൂപയാണ് വേണ്ടിവരിക. സർവ്വകലാശാല 106.91 കോടി രൂപ നൽകി. ബാക്കി തുക നൽകിയ ശേഷം ആറുമാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറുമെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.