കോവിഡ് ചികിത്സയിൽ നിർണായക നേട്ടം; ട്രംപിന് കുത്തിവെച്ച ആന്റിബോഡി മരുന്ന് രോഗിയ്ക്ക് നൽകി കൊല്ലം ജില്ലാ ആശുപത്രി

കൊല്ലം: കോവിഡ് ചികിത്സയിൽ നിർണായക നേട്ടം കരസ്ഥമാക്കി കൊല്ലം ജില്ലാ ആശുപത്രി. ശരീരത്തിൽ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്ന ആന്റിബോഡി കേസിരിവിമാബ് – ഇമ്‌ദേശിവിമാബ് രോഗിയിൽ കുത്തിവെച്ചാണ് കൊല്ലം ജില്ലാ ആശുപത്രി കോവിഡ് ചികിത്സയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയത്തിൽ സ്വദേശിയായ അബ്ദുൽ മജീദിനാണ് ഈ മരുന്ന് കുത്തിവെച്ചത്.

63 കാരനായ അബ്ദുൾ മജീദ് വൃക്ക രോഗിയാണ്. ഒരു ഡോസ് മരുന്നിനു 59750 രൂപയാണ് വില. കോവിഡ് വൈറസിന് കാരണമാകുന്ന സാർസ്-കോവ് 2 വൈറസ് പ്രോട്ടീനെതിരെ പ്രവർത്തിച്ചു ശരീരത്തിൽ വൈറസിന്റെ വ്യാപനം തടയാൻ ഈ മരുന്നിന് കഴിയും. ജില്ലയിൽ ആദ്യമായിട്ടാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. കോവിഡ് നോഡൽ ഓഫിസറായ ഡോ. അനുരൂപ് ശങ്കറിന്റെ നേതൃത്വത്തിലാണ് കുത്തിവെയ്‌പ്പെടുത്തത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് അബ്ദുൾ മജീദിന്റെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.

മനുഷ്യ ശരീരത്തിലെ സ്വാഭാവിക ആന്റിബോഡി പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് ഈ മരുന്നിന്റെ പ്രവർത്തനവും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കോവിഡ് ചികിത്സയുടെ ഭാഗമായി ഊ മരുന്ന് കുത്തിവെച്ചിരുന്നു.