By : ഫ്രീക്കൻ
ഈ കോവിഡ് കാലത്തും നവമാധ്യമങ്ങളിൽ ചർച്ചയ്ക്കും തെറിവിളിക്കും കാരണമായിത്തീർന്ന രണ്ടു പേരായിരുന്നു ശ്രീജിത്ത് പണിക്കരും , പി.ആർ. പ്രവീണയും. ശ്രീജിത്ത് പണിക്കർ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ആണെങ്കിൽ പ്രവീണ കേരളത്തിലെ സ്വാതന്ത്ര ചാനൽ എന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയർ പത്രപ്രവർത്തകയാണ്.
ആലപ്പുഴ പുന്നപ്രയിൽ കോവിഡ് രോഗികളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ഉണ്ടായ ഒരു സംഭവമാണ് ആദ്യത്തേത്. കോവിഡ് കേന്ദ്രത്തിലെത്തിയ സന്നദ്ധ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായ രേഖ. പി. മോൾ,അശ്വിൻ കുഞ്ഞുമോൻ എന്നിവർ ചേർന്ന് ശ്വാസം കിട്ടാതെ വിഷമിച്ച ഒരു രോഗിയെ അവരുടെ ഇടക്ക് ബൈക്കിലിരുത്തി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആംബുലൻസ് എത്താൻ 10 മിനിറ്റ് താമസമെടുക്കും എന്നതാണ് ഈ സാഹസം ചെയ്യാൻ കാരണമെന്ന് അവർ പറയുന്നു. ആ സംഭവത്തെ പരിഹസിച്ചുകൊണ്ട് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ, കേരളത്തിൽ ആംബുലൻസിൽ നടന്ന ബലാൽസംഗം കൂട്ടിച്ചേർത്തുകൊണ്ട് കടുത്ത പരിഹാസത്തോടെ തന്റെ ഫേസ്ബുക്കിൽ കുറിച്ചതാണ് ചർച്ചയാവുന്നത്. വ്യക്തിപരമായി ആരെയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടില്ല.എന്നാൽ നമ്മുടെ സിസ്റ്റത്തെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന തരത്തിലുമുള്ള പോസ്റ്റ് സർക്കാരിനെ ട്രോളുന്ന തായിരുന്നു. ഉടൻ തന്നെ രശ്മിതാ രാമചന്ദ്രൻ, ഡോക്ടർ പ്രേം കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുപക്ഷ നിരീക്ഷകർ ശ്രീജിത്ത് പണിക്കരെ ചാനലുകൾ ഉടൻ ബഹിഷ്കരിക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടു. ശ്രീജിത്ത് ചർച്ചയ്ക്ക് വരുന്ന ചർച്ചകൾ തങ്ങൾ ബഹിഷ്കരിക്കുമെന്നും അവർ പറയുന്നു. ശ്രീജിത്തിനെതിരെ ഒരു കാരണം നോക്കി കാത്തിരുന്നത് പോലെയാണ് അവരുടെ പ്രതികരണം പുറത്തുവന്നത്. ചില ക്രിമിനൽ ബലാത്സംഗക്കേസുകളിൽ സുപ്രീംകോടതിയിൽ വരെ പ്രതികൾക്കു വേണ്ടി ഹാജരായ രശ്മിത രാമചന്ദ്രനെ പോലെയുള്ളവർ ഇങ്ങനെ പ്രതികരിക്കുന്നത് ശരിയാണോ? എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളിൽ ഉയർന്നുവരുന്ന ചോദ്യം. വാസ്തവത്തിൽ സംഘപരിവാർ പ്രസ്ഥാന ങ്ങളിൽ അംഗത്വം ഇല്ലാത്ത അനുഭാവിയായ രാഷ്ട്രീയ നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കർ, എങ്കിലും കാര്യങ്ങൾ പഠിച്ചു കുറിക്കുകൊള്ളുന്ന വാദങ്ങളുമായിട്ടാണ് അദ്ദേഹം ചാനലുകളിൽ എത്താറുള്ളത്. ആ വാദങ്ങളെ ശക്തമായി പ്രധിരോധിക്കേണ്ടതിനു പകരം അവരെ ബഹിഷ്കരിക്കണമെന്നോ, വീടിന്റെ മൂലയിൽ ഇരുത്തണമെന്നോ പറയുന്നത് ശുദ്ധ വിവരക്കേടാണ്. കുഞ്ചൻ നമ്പ്യാരുടെ കാലത്തു മുതൽതന്നെ ആക്ഷേപഹാസ്യത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം.സഹിഷ്ണുതയുള്ള നാട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാക്കളെയും ഉദ്യോഗസ്ഥ വൃന്ദങ്ങളെയും വിമർശിക്കാൻ അവകാശമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഉത്തരേന്ത്യയിൽ ക്യൂ നിൽക്കുന്നതും, ഓക്സിജനും, ആംബുലൻസും ആശുപത്രി സൗകര്യങ്ങളും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന തുമായ ചിത്രങ്ങൾ മാധ്യമ വാർത്തകളായി എത്തുമ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഷെയർ ചെയ്യുന്നവരാണ് ഇവരൊക്കെ തന്നെയും. അതേ പോലെയുള്ള ഒരു സംഭവമാക്കി ഇതിനെ ചർച്ചയാക്കുമ്പോഴും ശ്രീജിത്ത് പണിക്കർക്കെതിരെ കേസ് കൊടുത്തു കൊണ്ട് മുന്നോട്ടു പോകുമ്പോഴും അത് സർക്കാരിന്റെ വീഴ്ചകളെ തുറന്നുകാണിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പരിഹാസത്തെ പരിഹാസം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ഒളിച്ചോടുകയും പരിഹസിച്ചവരെ ഇല്ലാതാക്കുകയുമല്ല ചെയ്യേണ്ടത്.
ഏഷ്യാനെറ്റിലെ തിരുവനന്തപുരത്തെ സീനിയർ പത്രപ്രവർത്തകയായ പി. ആർ പ്രവീണ, കോട്ടയത്തുള്ള ഒരു സ്ത്രീക്ക് ഫോണിൽ കൂടി കൊടുത്ത മറുപടിയാണ് മറ്റൊരു കാര്യം. ബംഗാളിലെ അക്രമങ്ങളെ കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും നിങ്ങളെന്താണ് വാർത്ത കൊടുക്കാത്തത് എന്ന് ചോദിച്ച ഒരു സ്ത്രീയോട്, വാർത്ത ഞങ്ങൾ മനപൂർവ്വം കൊടുക്കാത്തത് ആണെന്നും ഇവിടെ കോവിഡ് പടരുന്ന മരണങ്ങളാണ് പ്രാധാന്യത്തോടെ കൊടുക്കുന്നതെന്നും,അവിടെ സംഘികൾ അടികൊള്ളുന്നതിൽ ഇവിടെ ബഹളം കാണിക്കുന്നതിൽ കാര്യമില്ലെന്നുമാണ് പ്രവീണ പറഞ്ഞത്. അപ്പോൾ ബംഗാളികൾ ഇന്ത്യൻസ് അല്ലേ എന്ന് ആ സ്ത്രീയുടെ ചോദ്യത്തിന് അല്ല പാകിസ്ഥാനികൾ ആണ് നിങ്ങൾ വേണമെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാൽ മതി എന്ന് പറയുമ്പോൾ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനം എന്ന ചാനലിന്റെ അവകാശത്തിന് മങ്ങലേൽക്കുകയാണ്. മുമ്പ് ഡൽഹിയിൽ സി.ഐ.എ പ്രക്ഷോഭത്തിൽ പി. ആർ. സുനിൽ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ തെറ്റായ വാർത്തയുമായി ബന്ധപ്പെട്ട് ചാനലിനെ ഇന്ത്യാ ഗവൺമെന്റ് താൽക്കാലികമായി ബാൻ ചെയ്തിരുന്നു. പിന്നീട് ഏഷ്യാനെറ്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രക്ഷേപണം പുനരാരംഭിച്ചു. ഇതിന്റെ ഏറ്റവും രസകരമായ കാര്യം ചാനലിന്റെ ഉടമസ്ഥൻ ബിജെപി എം.പിയായ രാജീവ് ചന്ദ്രശേഖർ എന്നതാണ്. എന്നാൽ അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ബിജെപി പക്ഷക്കാരല്ല.
മാധ്യമപ്രവർത്തകർ ഏതു സാഹചര്യത്തിലായാലും വളരെ പക്വതയോടെ പെരുമാറേണ്ട വരാണ്. ഒരുപക്ഷേ അപ്പോഴുണ്ടായ മാനസിക സാഹചര്യത്തിൽ അവർ പറഞ്ഞതായിരിക്കാം. സ്വതന്ത്ര പരിവേഷമുള്ള ചാനലുകളിൽ ജോലി ചെയ്യുമ്പോൾ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയമോ രാഷ്ട്രീയവിരോധമോ പ്രകടിപ്പിക്കാനുള്ള വേദിയായി അതിനെ മാറ്റരുത്. മാധ്യമപ്രവർത്തനം ഫോർത്ത് എസ്റ്റേറ്റ് എന്ന ചിന്തക്കപ്പുറം ഒരു തൊഴിൽ മേഖല കൂടിയാണ്. ഇത്തരത്തിലുള്ള ഒരു മറുപടി പക്വത ഇല്ലാതെ ഫോണിൽ കൂടി നൽകുമ്പോൾ ഒരു വലിയ മാധ്യമ സ്ഥാപനത്തിന്റെ സ്വതന്ത്ര നിലപാടും സത്യസന്ധതയും ചോദ്യംചെയ്യപ്പെടും എന്ന് ഇത്രയും സീനിയറായ ഒരു പത്രപ്രവർത്തകക്ക് അറിവുണ്ടാകേണ്ടതല്ലേ. തിരുവനന്തപുരത്തെ ഒരു പ്രമുഖ കോൺഗ്രസ് വനിതാ നേതാവിന്റെ മകളാണ് പി ആർ പ്രവീണ എങ്കിലും ഇടതുപക്ഷ അനുഭാവമുള്ള ആർഎസ്എസ് വിരുദ്ധമായ പോസ്റ്റുകൾ ഇപ്പോഴും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കാണാം. അതൊക്കെ പരിശോധിക്കുന്ന ഒരു സാധാരണക്കാരന് ഈ പത്രപ്രവർത്തക റിപ്പോർട്ട് ചെയ്യുന്ന വാർത്തകളുടെ രാഷ്ട്രീയ സത്യസന്ധത എത്രത്തോളം ഉണ്ടാകുമെന്ന് ചോദ്യം ചെയ്താൽ അതിന് ആരെയും കുറ്റം പറയാൻ കഴിയില്ല. ഏതൊരു വ്യക്തിക്കും രാഷ്ട്രീയ അഭിപ്രായങ്ങൾ ആവാം. സ്വന്തമായ മാധ്യമ സ്ഥാപനത്തിലോ അല്ലെങ്കിൽ തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങളിലോ ആകാം അല്ലാതെ സ്വതന്ത്ര മുഖം എന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളിൽ പ്രവർത്തിക്കുമ്പോൾ. തങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായോ എതിരാളികളെ എതിർക്കാനുള്ള വേദിയായോ അതിനെ ഉപയോഗിക്കരുത്.അത് ആത്യന്തികമായി അവനവന്റെ മാത്രമല്ല മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നതിന് തുല്യമാണ്. മാധ്യമപ്രവർത്തകരെ എപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന പൊതുസമൂഹം ഉണ്ടായാൽ അത് അപകടകരമാണ്. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാകണം അതിന്റെ അർത്ഥം രാഷ്ട്രീയബോധം ഇല്ലാതാക്കണം എന്നല്ല ശ്രീജിത്ത് അസഹിഷ്ണുതയ്ക്ക് വിധേയമായെങ്കിലും,പ്രവീണ അസഹിഷ്ണത വിലയ്ക്കു വാങ്ങുകയായിരുന്നു.