കേരളത്തിന്റെ കടബാധ്യതയിൽ ആശങ്ക : അടുത്ത സർക്കാർ പ്രതിസന്ധിയിലാകും

kerala
  • EDITORIAL

കേരളത്തിൽ അടുത്തതായി ഏതു മുന്നണി അധികാരത്തിൽ വന്നാലും കടുത്ത പ്രതിസന്ധികളാകും നേരിടേണ്ടി വരിക.കടമെടുത്തു, കടമെടുത്തു കേരളം പ്രതിസന്ധിയിലേക്ക് പോവുകയാണ്. കടം എടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് കണക്കാക്കി, 4000 കോടി കൂടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ജീവനക്കാരുടെ പുതുക്കിയ ശമ്പളം, പെൻഷൻ മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവയ്ക്കാണ് 4000 കോടി കടമെടുക്കുന്നത്. സാമ്പത്തികവർഷം അവസാനിക്കുന്ന ഈ മാസം മാത്രം 7000 കോടി രൂപയാണ് സർക്കാർ വിവിധ ആവശ്യങ്ങൾക്ക് കടമെടുക്കുന്നത്. ഓരോ മാസവും പെൻഷൻ ശമ്പളം എന്നിവയ്ക്ക് മാത്രമായി 90 കോടിയോളം രൂപ സർക്കാരിന് വേണ്ടിവരും. ഇതിനു പുറമെ മറ്റ് ദൈനംദിന ചെലവുകൾക്കും മറ്റും വേറെയും കോടികൾ വേണം.

2001ൽ 25, 754 കോടിയായിരുന്ന കേരളത്തിന്റെ കടം, പടിപടിയായി ഉയർന്ന്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒന്നര ലക്ഷം കോടിയോളം ബാധ്യത ആയെങ്കിൽ പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയപ്പോൾ മൂന്ന് ലക്ഷം കോടിയിൽ എത്തി നിൽക്കുന്നു.

സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും വിവിധ നികുതികളിലൂടെയാണ് ലഭിക്കുന്നത്. മദ്യം,ലോട്ടറി എന്നീ മേഖലയിലാണ് കേരളത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. കൂടാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടക്കം ജി എസ് ടി യിലൂടെയും നല്ല വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ വരവിനേക്കാൾ ഇരട്ടി ചെലവാണ് കേരളത്തിനുള്ളത്. ഇന്ന് ആളോഹരിയുടെ അടിസ്ഥാനത്തിൽ ഓരോ കേരളീയനും അറുപത്തി രണ്ടായിരത്തോളം രൂപയുടെ കടക്കാരനായി മാറിയിരിക്കുന്നു എന്നതാണ് സത്യം.

തുടക്കം മുതൽ തന്നെ സാമ്പത്തിക വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കം, 2020-ലെ കോവിഡിന്റെ വരവ് എന്നിവ, കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ തകരാറിലാക്കി. ഉപഭോക്തൃ സംസ്ഥാനമായ കേരളം എല്ലാ കാര്യങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരുവർഷം 55,000 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് നമുക്കുള്ളത്. എന്നാൽ 1.55 ലക്ഷം കോടി ഇറക്കുമതിയാണ് നമുക്കുള്ളത്. കയറ്റുമതി കൂട്ടാൻ നമുക്ക് കഴിയുന്നില്ല എന്ന വിമർശനമാണ് പൊതുവിൽ ഉയരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നതെന്ന് അറിഞ്ഞിട്ടും, ചെലവ് ചുരുക്കും എന്ന് പറഞ്ഞതല്ലാതെ സർക്കാർ ഒന്നും ചെയ്തില്ല. അതേസമയം അനാവശ്യമായി കോടാനുകോടി രൂപയാണ് ചെലവാക്കിയത്. അവസാനം ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ 200 കോടി രൂപയാണ് വിവിധ മാധ്യമങ്ങളിൽ പരസ്യം നൽകിയ വകയിൽ ചെലവാക്കിയത്.

അടുത്ത സർക്കാർ വരുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ 6.1 ശതമാനമാണെങ്കിൽ കേരളത്തിൽ അത് 11.4 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കൂടാനാണ് സാധ്യത. ഈ നിലയിൽ പോയാൽ തെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കാൻ പറ്റുമോ എന്നത് സംശയകരമാണ്. അപ്രഖ്യാപിത നിയമനനിരോധനവും വിവിധ തരത്തിലുള്ള നികുതി വർദ്ധനവും ഉണ്ടാകും. വിവിധ ആനുകൂല്യങ്ങൾ നൽകുന്നത് പോലും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി മാറും. ഒരുപക്ഷേ നഷ്ടത്തിൽ പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിലും സ്വകാര്യപങ്കാളിത്തം പോലും വന്നേക്കാം. ട്രഷറികൾ പലതവണ പൂട്ടിയേക്കും. പുതിയതായി വരുന്ന സർക്കാർ പുതിയ വ്യവസായനയം ആവിഷ്കരിക്കുകയും നാടിന് ദോഷമുണ്ടാകാത്ത തരത്തിൽ വൻകിട വ്യവസായ ഗ്രൂപ്പുകളെ കേരളത്തിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത തരത്തിൽ കേരളത്തിൽ സാമ്പത്തിക സ്തംഭനം ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.