മദ്യലഹരിയിൽ പിതാവ് ഒരു വയസുകാരിയെ വലിച്ചെറിഞ്ഞ സംഭവം: കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി

കൊല്ലം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ പീഡനത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഒന്നര വയസുകാരിയുടെ സംരക്ഷണമാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

തിരുവനന്തപുരം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവുപ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടപടി. കുഞ്ഞിനെ കാണാനെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി തിവ്രപരിചണ വിഭാഗത്തിലെ ഡോക്ടർമാരുമായി സംസാരിച്ചു. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരുകയാണ്. കുഞ്ഞിന്റെ തലയുടെ പുറകു വശത്ത് രണ്ട് പൊട്ടലാണുള്ളത്.

സർജറി ആവശ്യമായി വന്നില്ല. ആദ്യ ഘട്ടത്തിൽ ജീവൻ തന്നെ ഭീക്ഷണിയായിരുന്നു. അതിപ്പോൾ മാറിയിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് അരുൺ ഗോപി വ്യക്തമാക്കി.

തിരുനെൽവേലി സ്വദേശികളായ ഭർത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകൻ വലിച്ചെറിഞ്ഞത്. ഒരു വയസ്സുകാരിയെ വീട്ടിലെ ഒറ്റ മുറിയിൽ ഒറ്റക്കാക്കിയിട്ടാണ് ദമ്പതിമാർ ജോലിക്ക് പോയിരുന്നത്. അടുത്ത വീടുകളിൽ നടക്കുന്ന സംഭവങ്ങളിൽ അയൽവാസികൾ കൂടി ശ്രദ്ധിക്കണമെന്ന് അരുൺ ഗോപി ചൂണ്ടിക്കാട്ടി.