ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം : ഇന്ത്യയ്ക്ക് അഭിമാനമായി ധോറ മാഫി

ഉത്തർപ്രദേശ് : നാനാത്വത്തിലും ഏകത്വം പുലർത്തുന്നതു കൊണ്ടാണ് ഇന്ത്യ എക്കാലത്തും മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. ഈയൊരു പ്രസ്താവനക്ക് മുതൽക്കൂട്ടായി പുതിയൊരു റെക്കോർഡ് കൂടി ഇന്ത്യ നേടിയിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിലാണെന്നാണ് പുതുതായി വന്ന റിപ്പോർട്ടിൽ പറയുന്നത്. ഉത്തർ പ്രദേശിലെ അലിഗഡിലെ ധോറമാഫി എന്ന ഗ്രാമമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ഡോക്ടർമാർ, എൻജിനീയർമാർ, പ്രൊഫസർമാർ, ഐഎഎസ് ഓഫീസർമാർ എന്നിവരുള്ള ഈ ഗ്രാമത്തിന്റെ സാക്ഷരത 75 ശതമാനത്തിനു മുകളിലാണ്. ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ലിംഗ ബുക്ക് ഓഫ് റെക്കോർഡിൽ ഈ ഗ്രാമം ഇടം നേടിയത് 2002ലാണ്.

നിരവധി ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കോളേജുകളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നുവെന്നതും 24 മണിക്കൂറും വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നതും ഗ്രാമത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ധോറ മാഫി ഗ്രാമത്തിലെ 80 ശതമാനം വീടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൃഷിയെക്കാൾ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന ഈ ഗ്രാമം നമ്മുടെ രാജ്യത്തിന് മാതൃക തന്നെയാണ്. വിദ്യാഭ്യാസത്തിൽ മാത്രമല്ല, മതപരമായും രാഷ്ട്രീയപരമായും സാഹോദര്യത്തിലും ഐക്യത്തിലുമെല്ലാം ഗ്രാമനിവാസികൾക്ക് ഏകത്വം പുലർത്തുന്നുണ്ടെന്ന് ഗ്രാമത്തലവൻ ഡോ. നൂറുൾ അമീൻ പറയുന്നു.