തിരുവനന്തപുരം : മിന്നൽ പണിമുടക്ക് നടത്തി തലസ്ഥാനത്തെ ജനജീവിതത്തെ മണിക്കൂറുകളോളം വലച്ച 61 കെ എസ് ആർ ടി സി ജീവനക്കാരെയും മാനേജ്മെൻറ് കുറ്റവിമുക്തരാക്കി .2020 ൽ നടന്ന ഈ പണിമുടക്ക് കാരണം ഉണ്ടായ ഗതാഗതക്കുരുക്കിൽപെട്ട് കുഴഞ്ഞു വീണ ഒരാൾ മരിച്ചത് വൻ ചർച്ചാ വിഷയം ആയിരുന്നു. യൂണിയനുകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മാനേജ്മെൻറ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ആരോപണം.സ്വകാര്യ ബസ് റൂട്ട് മാറി യാത്ര ചെയ്തെന്നാരോപിച്ച് കെ എസ് ആർ ടി സി ജീവനക്കാരൻ സ്വകാര്യ ബസിനെ തടഞ്ഞു വച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് . പിന്നീട് കെ എസ് ആർ ടി സി ജീവക്കാരനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തതോടു കൂടി ജീവനക്കാർ ബസുകൾ റോഡിൽ നിർത്തിയിട്ട് പണിമുടക്ക് നടത്തുകയായിരുന്നു . ഈ സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായി. ഭരണകൂടത്തെ മുഴുവൻ വെല്ലുവിളിച്ചു നടന്ന പണിമുടക്ക് അവസാനിച്ചത് 2020 മാർച്ച് 4 ന് കസ്റ്റഡിയിൽ എടുത്തവരെ ജാമ്യത്തിൽ വിട്ട ശേഷമാണ് .
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം കാറ്റിൽ പറത്തി എന്നുള്ളതാണ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ വിധിയിലൂടെ അറിയാൻ കഴിയുന്നത് . കെ എസ് ആർ ടി സി വിജിലൻസ് ഡയറക്ടറും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ടെങ്കിലും ഇവയൊന്നും എങ്ങും എത്തിയില്ല . സംഭവം നടന്ന് വർഷങ്ങളായതിനാലാണ് നടപടി എടുക്കാത്തതെന്നാണ് മാനേജ്മെൻറ് ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി യിൽ മാനേജുമെന്റും തൊഴിലാളികളും തമ്മിൽ കൊമ്പ് കോർക്കുന്നത് പതിവാണ് . ഇത്തരം ഏറ്റുമുട്ടലുകളെ തണുപ്പിക്കുക എന്നതാണ് മാനേജ്മെന്റിന്റെ ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

