സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വെരിഫിക്കേഷൻ; നടപടിയുമായി പോലീസ്

കൊച്ചി: സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വെരിഫിക്കേഷൻ നടപടികൾ നടത്താൻ പോലീസ്. സിനിമ മേഖലയിലേക്ക് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാനാണ് പോലീസ് പദ്ധതിയിടുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നത്.

അതേസമയം, പോലീസ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കി. ഓൺലൈൻ സൈറ്റിലൂടെ അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ നടത്തി പൊലീസ് റിപ്പോർട്ട് നൽകുന്നതാണ്. വെരിഫിക്കേഷൻ നടത്താൻ സന്നദ്ധത അറിയിച്ച് കൊച്ചി പൊലീസ് കമ്മീഷണർ സിനിമാ സംഘടനകൾക്ക് കത്ത് നൽകുകയും ചെയ്തു.

വിവിധ ജോലികൾക്കായി നിരവധി പേരാണ് ഷൂട്ടിംഗ് സൈറ്റുകളിൽ എത്തുന്നത്. എന്നാൽ, അണിയറ പ്രവർത്തകർക്ക് ഇവരുടെയൊക്കെ പശ്ചാത്തലം പരിശോധിക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നീക്കവുമായി എത്തിയിട്ടുള്ളത്.