ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ എതിർപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മതങ്ങളെയും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് ബാധിക്കും. മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ, സിഖ്, ആദിവാസി, ജൈൻ, പാഴ്‌സി വിഭാഗങ്ങളെയും ഏക സിവിൽ കോഡ് ബാധിക്കും. അതിനാൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഏകീകൃത സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് സമസ്ത അറിയിച്ചു. പ്രധാനമന്ത്രിയെ നേരിൽ കാണുമെന്നും അദ്ദേഹത്തിന്റെ മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.

