ജലന്ധർ: തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ മുളക്കൽ. യാത്രയയപ്പിന്റെ ഭാഗമായുള്ള കുർബാനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി.
ഇപ്പോൾ ജലന്ധറിലെ ദൗത്യം പൂർത്തിയായി. എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്ന് എപിജെ അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട്. മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യം. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താൻ മിഷനറി ആയി. ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളും വഹിച്ചുവെന്ന് ഫ്രാങ്കോ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എംഎൽഎയോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാമെന്നും ഫ്രാങ്കോ അറിയിച്ചു.
ജലന്ധറിലെ സെന്റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് ഫ്രാങ്കോ മുളക്കലിന് യാത്രയയപ്പ് ചടങ്ങ് നടക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ കുറ്റവിമുക്തൻ ആയെങ്കിലും വിധിക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചത് വത്തിക്കാൻ നിർദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങൾ വിശദമാക്കിയത്.
എന്നാൽ, ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപന വീഡിയോയിൽ ഫ്രങ്കോ മുളയ്ക്കൽ അറിയിച്ചത്.

