ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താൻ റെയിൽവേ. വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ കാവി – ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് വിവരം. വെള്ളയും നീലയും നിറങ്ങളിൽ പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് വളരെ പ്രയാസമാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ പരീക്ഷിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കളർ കോഡ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചുവെന്നും കാവി – ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അറിയിച്ചു. കളർ കോഡുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക. പരീക്ഷണാർത്ഥം ഒരു ബോഗി കളർ ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷംമാത്രമായിരിക്കും പുതിയ കളർകോഡ് നിലവിൽ വരിക. 26 വന്ദേഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത്.

