കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയാണ് പശ്ചിമ ബംഗാളിൽ സംഘർഷം നടന്നത്. 9 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ അഞ്ച് തൃണമൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി, കോൺഗ്രസ്, സിപിഎം പാർട്ടികളിലെ ഓരോ പ്രവർത്തകരും ഒരു സ്വതന്ത്രനും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളിൽ ബാലറ്റ് പെട്ടികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പലയിടത്തും ബോംബേറും വെടിവെപ്പും ഉണ്ടായി. ഗവർണർ സി വി ആനന്ദ ബോസ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. അക്രമത്തിൽ പരിക്കേറ്റവരെ അദ്ദേഹം സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനയുടെ ഭാഗത്തു നിന്ന് വൻ പരാജയമാണ് ഉണ്ടായതെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

