തിരുവനന്തപുരം: മന്ത്രി പദവി വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നേതൃമാറ്റത്തെക്കുറിച്ച് ഒന്നും അറിഞ്ഞില്ല. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ എത്തുമോയെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കും. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കെ സുരേന്ദ്രന് പകരം വി മുരളീധരനെ കേരളത്തിലെ ബിജെപി അദ്ധ്യക്ഷനാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ കഴിഞ്ഞ ദിവസം അഴിച്ചുപണി നടന്നിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ തെലങ്കാന അദ്ധ്യക്ഷനായും, സുനിൽ ത്സാഖറെ പഞ്ചാബ് അദ്ധ്യക്ഷനായും, ബാബുലാൽ മറാണ്ടിയെ ജാർഖണ്ഡ് അദ്ധ്യക്ഷനുമായാണ് നിയമിച്ചത്.

