കോൺഗ്രസ് തന്നെ ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകണം; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കോൺഗ്രസ് തന്നെ ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിൽ സിപിഎമ്മും ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിനും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. സിപിഎം ആദ്യം ക്ഷണിക്കട്ടെയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഇതിന് നൽകിയ മറുപടി.

ഏക സിവിൽ കോഡ് വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും മതേതര ശക്തികൾ ഒറ്റക്കെട്ടായി നിന്ന് പോരാടും. എന്നാൽ മതേതര ഐക്യത്തെ തകർക്കേണ്ട ചർച്ചയാണ് കേരളത്തിൽ നടക്കുന്നത്. സെമിനാറിൽ ആര് പങ്കെടുക്കും എന്നതാണ് ഇവിടെ നടക്കുന്ന ചർച്ച. ഏകീകൃത സിവിൽ കോഡിനെ കുറിച്ചല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.