ന്യൂഡൽഹി: പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേരളത്തെ കക്ഷി ചേർത്തു. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നായിരുന്നു ജസ്റ്റിസ് സി ടി രവികുമാർ വാദത്തിനിടെ അഭിപ്രായപ്പെട്ടത്. തുടർന്ന് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
കേന്ദ്രത്തിനായി സോളിസിറ്റർ ജനറലിന് ഹർജിയുടെ പകർപ്പ് നൽകണമെന്ന നിർദ്ദേശവും കോടതി നൽകി. മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്റി റാബിസ് വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
കെപിഎ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലത്ത്, പ്രസിഡൻറ് അശ്വനി നമ്പാറമ്പത്ത് തുടങ്ങിയവരാണ് ഹർജി നൽകിയത്. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധയേറ്റ് മരിക്കുന്നുണ്ടെന്നും ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇൻട്രാ ഡെർമൽ റാബിസ് വാക്‌സിനുകളുടെ (ഐ.ഡി.ആർ വി) ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും ഹർജി മുന്നോട്ടുവെയ്ക്കുന്നു.

