വ്യാജ മയക്കുമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് എഫ്ഐആർ റദ്ദാക്കിയത്. 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരിലാണ് എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്.

കേസ് റദ്ദാകുന്നതോടെ എക്‌സൈസ് പിടിച്ചെടുത്ത ബൈക്കും ഫോണും ഷീല സണ്ണിയ്ക്ക് തിരികെ നൽകും. ചാലക്കുടി ഷീ സ്‌റ്റൈൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബാഗിൽ നിന്ന് എൽ.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്‌സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് ഷീലയുടെ നിരപരാധിത്വം തെളിഞ്ഞത്.

അതേസമയം, ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു.