ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാട് പാടില്ല; പാകിസ്ഥാനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാട് പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ എന്നിവർ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സംസാരിച്ചത്. ഭീകരവാദം പ്രാദേശികമായും ആഗോളതലത്തിലും സമാധാനത്തിന് വലിയ ഭീഷണിയാണുണ്ടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യാതിർത്തി കടന്നുള്ള ഭീകരവാദത്തിനു തടയിടാൻ കഴിയണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടനിലപാട് പാടില്ല. ഭീകരർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ കൂടുതൽ സഹകരണം ആവശ്യമാണ്. ഭക്ഷണത്തിനും ഇന്ധനത്തിനും പല രാജ്യങ്ങളിലും ക്ഷാമം നേരിടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമാണ്. യൂറേഷ്യയിൽ സമാധാനവും സമൃദ്ധിയും ഉറപ്പാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി മുന്നോട്ടു വെച്ചു.