മുല്ലപെരിയാർ ഡാം സുരക്ഷ; തമിഴ്‌നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി

ന്യൂഡൽഹി: മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്‌നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മേൽനോട്ട സമിതി കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. മുല്ലപെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്.

ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തിൽ പഠനവുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 11 ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.