മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിനെ പൊലീസ് ഉപദ്രവിച്ചുവെന്ന് പരാതി

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നതിന്റെ പേരിൽ യുവാവിനെ പൊലീസ് ഉപദ്രവിച്ചുവെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തായിരുന്നു പൊലിസിന്റെ അക്രമം.

മന്ത്രിയുടെ വാഹനം ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. സാദിഫിന്റെ ലോറിയും ഇതേ റൂട്ടിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അകമ്പടി പോയ പൊലീസുകാർ സാദിഫിനെ മർദ്ദിച്ചത്. തുടർന്ന് ക്ഷുഭിതരായ നാട്ടുകാർ പിന്നീട് അതുവഴി പോയ മന്ത്രിയെ തടഞ്ഞുവച്ച് പ്രതിഷേധം നടത്തുകയും ചെയ്തു.

പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സാദിഫിന്റെ കൈയ്യിൽ ചതവുണ്ടെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ കോഴിക്കോട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് പൊലീസിന്റെ നടപടി.