തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്കുള്ള അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്‌കൂളുകൾക്ക് അവധി രാവിലെ പ്രഖ്യാപിച്ചാൽ കുട്ടികൾ പ്രയാസത്തിലാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അവധി അറിയാതെ രാവിലെ കുട്ടികൾ വീട്ടിൽ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. എറണാകുളം, കാസർഗോഡ്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് അവധി. ആലപ്പുഴയിൽ ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപനം സംബന്ധിച്ച് മന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

