വിമാനത്തിൽ വിളമ്പുന്ന ഭക്ഷണങ്ങളിൽ മാറ്റം വരുത്തി എയർ ഇന്ത്യ. എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ അനുബന്ധ എയർലൈനുകളുടെ സമീപകാല സംയോജനത്തിനു ശേഷം, സസ്യാഹാരം, പെസെറ്റേറിയൻ, പൗൾട്രി, എഗ്ഗെറ്റേറിയൻ, വെഗൻ, ജെയിൻ, ഹെൽത്തി, ഡയബറ്റിക് ഓപ്‌ഷനുകൾക്കൊപ്പമുള്ള ഇൻ-ഫ്ലൈറ്റ് മെനു എയർലൈൻ അവതരിപ്പിച്ചു.
ദീർഘദൂരം യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ പരിഷ്‌ക്കാരം. മുൻപ് സ്നാക്സ് മാത്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ ദീർഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇത് മതിയാകാതെ വരുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ മാറ്റം. മാസ്റ്റർഷെഫ് ഇന്ത്യ സീസൺ 5 വിജയിയായ സെലിബ്രിറ്റി മാസ്റ്റർ ഷെഫ് കീർത്തി ബൂട്ടികയാണ് വിഭവങ്ങൾ ഒരുക്കുന്നത്. മാസ്റ്റർഷെഫ് സ്പെഷ്യലുകൾ, ലൈറ്റ് ബൈറ്റ്സ്, മധുരപലഹാരങ്ങൾ, ആഗോള, പ്രാദേശികതലങ്ങളിൽ പ്രിയങ്കരമായ വിഭവങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇഡ്ഡലി, മേദുവട, ഉപ്പുമാവ്, മസാല ഓംലെറ്റ്, തുടങ്ങിയവയും തേങ്ങാച്ചോറ്, ചില്ലി ചിക്കൻ, ഹൈദരാബാദി ബിരിയാണി എന്നിങ്ങനെയുള്ളവയെല്ലാം ചൂടോടെ നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. രാജ്യാന്തര സെക്ടറുകളിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പും ആഭ്യന്തര സെക്ടറിൽ പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പും യാത്രക്കാർക്ക് അവരുടെ ഇൻ-ഫ്ലൈറ്റ് മെനുവിൽ നിന്നും ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതൽ 600 രൂപ വരെയാണ് വിമാനത്തിൽ വിവിധ വിഭവങ്ങൾക്കുള്ള വില.

