തിരുവനന്തപുരം: ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോടുവെച്ച് സെമിനാർ സംഘടിപ്പിക്കും. ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ഏക സിവിൽ കോഡിനെതിരെ ഒന്നിക്കണം. പൗരത്വഭേദഗതി നിയമത്തിന് എതിരായി നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്എഫ്‌ഐക്കെതിരായ വേട്ട മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ശക്തിപ്പെട്ടുവരികയാണ്. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ വന്ന വ്യാജ ആരോപണങ്ങൾ മാധ്യമങ്ങൾക്ക് അവസാനിപ്പിക്കേണ്ടിവന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിനെതിരെ വലിയ കടന്നാക്രമണങ്ങളുണ്ടായി. തെറ്റായ ഒരു നിലപാടിനോടും സിപിഎം വിട്ടുവീഴ്ച ചെയ്യില്ലെന്ന് അന്ന് വ്യക്തമാക്കിയതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് എൽഡിഎഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്ത് വന്നത്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പറയുന്നത്. സുധാകരനെയും സതീശനെയും രക്ഷിക്കാനുള്ള പ്രചാരവേലകളാണിത്. കേരളത്തിലെ മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

