കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തുന്നു; ‘ഓൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ’ എന്ന മൃഗ സംരക്ഷണ സംഘടനക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്

ന്യൂഡൽഹി: ‘ഓൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ’ എന്ന മൃഗ സംരക്ഷണ സംഘടനക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്. തെരുവുനായ കേസിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം സംഘടന നടത്തുന്നുവെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വ്യക്തമാക്കുന്നത്. ഈ സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഓൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ സംഘടന പ്രവർത്തിക്കുന്നത് ഡൽഹി കേന്ദ്രീകരിച്ചാണ്. കേരളത്തിൽ, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ സംഘടനയ്ക്ക് വേണ്ടി അഞ്ജലി ഗോപാലൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന ചൂണ്ടിക്കാട്ടിയ പല വസ്തുതകളും അസത്യമാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആരോപണം.

കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം ആണ് സംഘടന നടത്തിയതെന്നും അപേക്ഷയിൽ പറയുന്നു. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ ആണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി അപേക്ഷ ഫയൽ ചെയ്തത്.

പാകിസ്താൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയിൽ ഫയൽ ചെയ്തുവെന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവർ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണമെന്നും അപേക്ഷയിലുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ 193, 195, ക്രിമിനൽ നടപടി ചട്ടത്തിലെ 195 വകുപ്പുകൾ പ്രകാരം അഞ്ജലി ഗോപാലനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.