ഏക സിവിൽ കോഡ്; പിന്തുണയ്ക്കാൻ ശിവസേന ഉദ്ദവ് താക്കറെ പക്ഷം

ന്യൂഡൽഹി: ഏക സിവിൽ കോഡിനെ പിന്തുണയ്ക്കാൻ ശിവസേന ഉദ്ദവ് താക്കറെ പക്ഷം. രാജ്യസഭയിൽ ഉദ്ദവ് താക്കറെ പക്ഷം ഏക സിവിൽ കോഡിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഏക സിവിൽ കോഡിനെ അംഗീകരിക്കുന്ന നിലപാടാണ് ശിവസേനയുടേതെങ്കിലും കരട് നിയമം അവതരിപ്പിച്ചാൽ മാത്രമേ അന്തിമതീരുമാനം എടുക്കൂവെന്നാണ് നേരത്തെ പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നത്.

ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ പാർട്ടി അതിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ഒരു ദേശീയ മാധ്യമത്തോട് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഐക്യത്തിലെ മറ്റുപാർട്ടികളുമായുള്ള നിലപാടിലെ വ്യതിയാനം എങ്ങനെ വിശദീകരിക്കുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായമൊന്നും പറയേണ്ടെന്നാണ് എൻസിപി നേതാക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ ഇത് ഏത് രീതിയിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തതവരട്ടെ. എന്നിട്ടാവാം ഇക്കാര്യത്തിൽ പാർട്ടിയുടെ അഭിപ്രായ പ്രകടനമെന്നാണ് പവാർ അനുയായികൾക്ക് നൽകിയ നിർദേശം.