കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം; എതിർപ്പ് വ്യക്തമാക്കി കേരളം

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പ് വ്യക്തമാക്കി കേരളം. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് കേരളത്തിന്റെ തീരുമാനം.

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാണ് ലോകസഭയിൽ ഹൈബി ഈഡൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിലെ ആവശ്യം. ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാർച്ച് 9 ന് ആണ് ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

മാർച്ച് 31 ന് കേന്ദ്ര സർക്കാർ ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡൻ തയ്യാറാക്കിയ ഈ ബില്ല് പ്രാവർത്തകമായാൽ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമ്മാണങ്ങൾക്കുമായി കോടാനുകോടി രൂപ വേണ്ടി വരും.