ഗുരുതര വീഴ്ച്ച; എക്‌സൈസിന്റെ അശ്രദ്ധയെ തുടർന്ന് ചാലക്കുടി സ്വദേശിനിയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത് 72 ദിവസം

തൃശ്ശൂർ: എക്‌സൈസ് വകുപ്പിന് ഗുരുതര വീഴ്ച്ച. എക്‌സൈസിന്റെ അശ്രദ്ധയെ തുടർന്ന് ചാലക്കുടി സ്വദേശിനിയ്ക്ക് 72 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയിൽ ഇവർക്ക് നഷ്ടമായത് സമൂഹത്തിലുണ്ടായിരുന്ന സത്‌പേര് കൂടിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണി എന്ന സ്ത്രീയെ 12 എൽഎസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥർ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇവരുടെ നിരപരാധിത്വം തെളിഞ്ഞത്.

ഷീ സ്‌റ്റൈൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഷീല. ഇവരുടെ സ്ഥാപനത്തിലെത്തിയാണ് എക്‌സൈസ് സംഘം ബാഗിൽ നിന്നും 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തന്നെ കേസിൽ കുടുക്കിയതാണെന്നും ഇത് കെണിയാണെന്നും ഷീല എക്‌സൈസിനോട് പറഞ്ഞിരുന്നു. എന്നാൽ, ഷീലയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കാനോ അന്വേഷണം നടത്താനോ എക്‌സൈസ് തയ്യാറായിരുന്നില്ല. ഷീലയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് ലാബ് റിപ്പോർട്ടിൽ വ്യക്തമായതോടെ കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഷീല രംഗത്തെത്തി. കൃത്യമായ പദ്ധതി പ്രകാരമാണ് തന്നെ കേസിൽ കുടുക്കാൻ എല്ലാം നടന്നതെന്നും ഷീല ആരോപിക്കുന്നു. എക്‌സൈസ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം നടത്തുന്നത്.