സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യും; സമസ്ത

കോഴിക്കോട്: സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരത്തിന്റെ സുന്നി ഐക്യനിർദേശം സ്വാഗതം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏകസിവിൽ കോഡിനെതിരെയും അദ്ദേഹം പ്രതികരിച്ചു. നീക്കം തള്ളിക്കളയണമെന്നും ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 8 ന് വിഷയം ചർച്ച ചെയ്യാൻ വിപുലമായ കൺവെൻഷൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിലാണ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നത്.

അതേസമയം, ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏക സിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.