ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹം രാജിവെയ്ക്കുന്നതെന്നാണ് വിവരം. ബിരേൻ സിംഗ് രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏതാനും മാസങ്ങളായി മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമാണ്. കലാപം പടരാൻ ബിരേൻ സിംഗിന്റെ ഇടപെടലുകൾ കാരണമായെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത്.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്. അതേസമയം, ബിരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആവശ്യം.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. മെയ്തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വലിയ സ്വീകരണമാണ് നൽകിയത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

