ന്യൂഡൽഹി: പൂർണമായും എഥനോൾ ഇന്ധനമായി ഓടുന്ന വാഹനം എത്തിക്കുമെന്ന് ഉറപ്പു നൽകി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വരുന്ന ഓഗസ്റ്റ് മാസത്തോടെ നൂറുശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനം പുറത്തിറക്കാൻ കഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടുന്ന ഇരുചക്ര വാഹനങ്ങൾ ബജാജ്, ഹീറോ, ടി.വി.എസ്. തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. ടൊയോട്ട നിർമിച്ചിട്ടുള്ള ക്യാമ്റി പോലുള്ള വാഹനങ്ങൾ 60 ശതമാനം പെട്രോളും 40 ശതമാനം ഇലക്ട്രിക്കുമായി ഓടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാതൃകയിൽ 60 ശതമാനം എഥനോളും 40 ശതമാനം ഇലക്ട്രിക്കുമായും ടൊയോട്ട വാഹനമെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വരവ് രാജ്യത്ത് വലിയ ഒരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പകരം ചെലവ് കുറഞ്ഞും മലിനീകരണ മുക്തവുമായി ഗതാഗത സംവിധാനമാണ് എഥനോളിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

