സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ; നടപടി കേന്ദ്ര ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് ഗവർണർ ടപടി മരവിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ആർഎൻ രവിയുമായി സംസാരിച്ചുവെന്നും വിഷയത്തിൽ അറ്റോർണി ജനറലിന്റെ ഉപദേശം തേടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതോടെയാണ് ഗവർണർ തീരുമാനം മരവിപ്പിക്കാൻ തീരുമാനിച്ചതെന്നുമാണ് വിവരം.

ഇന്നലെയാണ് സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഗവർണർ രവി മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഈ തീരുമാനംഗവർണർ മരവിപ്പിക്കുകയും ചെയ്തു.

വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്നാണ് വ്യക്തമാക്കിയാണ് ഗവർണർ സെന്തിൽ ബാലാജിയെ പുറത്താക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നുവെന്നുമാണ് രണ്ടാമത്തെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.