തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്.
2014 മുതൽ 1.45 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖല കൂട്ടിച്ചേർത്താണ് ഇന്ത്യ ചൈനയെ പിന്തള്ളിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ നിരവധി ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേകൾ കൂട്ടിച്ചേർത്തു. രാജ്യത്തെ എക്കാലത്തെയും ദൈർഘ്യമേറിയ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമ്പത് വർഷം മുമ്പ് രാജ്യത്തെ ടോൾ പിരിവ് 4,770 കോടി രൂപയായിരുന്നു. എന്നാൽ ഇന്ന് അത് 41,342 കോടി രൂപയായി ഉയർന്നു. ടോൾ വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർത്താനാണ് കേന്ദ്രം ഇപ്പോൾ ലക്ഷ്യമിടുന്നത്. ടോൾ പ്ലാസകളിലെ നീണ്ട ക്യൂ കുറയ്ക്കാൻ ഫാസ്ടാഗുകളുടെ ഉപയോഗം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

