കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കേസ് സമയബന്ധിതമായി അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കണമെന്ന് വ്യക്തമാക്കി വനിത കമ്മീഷൻ ഡിജിപിക്ക് കത്ത് നൽകി.

അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. യുവതിക്കെതിരെ നടന്ന അതിക്രമത്തെ കമ്മീഷൻ ശക്തമായി അപലപിക്കുകയും ചെയ്തു. കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതിയായ കിരൺ ബലാത്സംഗം ചെയ്തത്. കൈകൾ കെട്ടിയിട്ട ശേഷം ക്രൂരമായാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.