കൊച്ചി: ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു നിലയ്ക്കും സർക്കാർ സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹം പാടില്ലെന്ന് മനസിലായെന്നും അങ്ങനെ മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അത് ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തു വരുന്നവരിൽ കൂടുതലും ബി ടെക്കുകാരാണ് നിലവിൽ. അതിനാൽ യോഗ്യതയിൽ ബിടെക്കിനൊപ്പം പിജിഡിബിഎ കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിക്കിടെ വിഷയത്തിൽ കോൺഗ്രസ് വക്താവ് ചോദിച്ച ചോദ്യത്തിനും ജലീൽ മറുപടി നൽകി. അധിക യോഗ്യത ചേർക്കുമ്പോൾ, ജോലിക്ക് അപേക്ഷിക്കുന്നത് ഒരാൾ മാത്രവും ആ ഒരാൾ ജലീലിന്റെ ബന്ധുവുമാകുന്നു. ആ ഒരാൾക്ക് ഇന്റർവ്യൂ പോലും ഇല്ലാതെ നിയമനം നൽകിയെന്ന് കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ഉന്നയിച്ച ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഒരു വർഷം മാത്രമുള്ള ഡെപ്യുറ്റേഷൻ നിയമനമായിരുന്നു അത്. ആളുകളെ ലഭിക്കാൻ പാടുള്ള ചെറിയൊരു പോസ്റ്റായിരുന്നു അത്. ഒരാളെ ഈ പോസ്റ്റിൽ കിട്ടാൻ സർക്കാർ കഷ്ടപ്പെടാറുണ്ട്. അതിനാലാണ് അങ്ങനെ ഒരു നിയമനം നടത്തിയതെന്ന് ജലീൽ വിശദമാക്കി.

